മുംബൈ: തുടർച്ചയായ മൂന്നു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരിവിപണി ഇടിഞ്ഞു. സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനത്തിനടുത്താണ് താഴ്ന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇറാനെതിരേയുള്ള വെടിനിർത്തൽ നീട്ടുന്നതായുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനവും വിപണിയെ സ്വാധീനിച്ചില്ല. രൂപയുടെ ഇടിവും ക്രൂഡ് ഓയിൽ വിലയിലെ ഉയർച്ചയുമാണ് വിപണിയുടെ തകർച്ചയ്ക്കു കാരണമായത്.
സെൻസെക്സ് 757 പോയിന്റ് (0.95%) താഴ്ന്ന് 78,516.49ലും നിഫ്റ്റി 198 പോയിന്റ് (0.81%) നഷ്ടത്തിൽ 24,378.10ലും ക്ലോസ് ചെയ്തു. സെൻസെക്സിൽ ഏറ്റവും വലിയ തകർച്ച നേരിട്ടത് എച്ച്സിഎൽ ടെക് ഓഹരികളാണ്.
നാലാം പാദ സാന്പത്തിക ഫലങ്ങൾ നിക്ഷേപകരെ തൃപ്തിപ്പെടുത്താത്തതിനാൽ ഓഹരിവില 11 ശതമാനം ഇടിഞ്ഞു. മറ്റ് ഐടി കന്പനികളായ ഇൻഫോസിസ്, ടിസിഎസ്, ടെക്മഹീന്ദ്ര എന്നിവയുടെ ഓഹരികളും ഇടിഞ്ഞു.
ടാറ്റാ കണ്സ്യൂമർ പ്രൊഡക്ട്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, എൻടിപിസി എന്നിവ നേട്ടമുണ്ടാക്കി. വിശാല വിപണിയിൽ നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 0.19 ശതമാനവും 1.13 ശതമാനവും ഉയർന്നു. മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി 3.89 ശതമാനം ഇടിഞ്ഞ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തി. എച്ച്സിഎൽ ടെക്കിന്റെ മോശം സാന്പത്തികഫലങ്ങളാണ് ഐടി സൂചികയെ ബാധിച്ചത്. ഐടിയെ കൂടാതെ ഓട്ടോ, ഫിനാൻഷൽ സർവീസസ് , പ്രൈവറ്റ് ബാങ്ക് തുടങ്ങിയവയ്ക്കും താഴ്ചയായിരുന്നു. എഫ്എംസിജി, മീഡിയ, മെറ്റൽ, റിയൽറ്റി തുടങ്ങിയ സൂചികകൾ നേട്ടത്തിലെത്തി.
ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു
ഹോർമുസ് കടലിടുക്കിൽ ചരക്കു കപ്പലുകൾക്കു നേരേയുണ്ടായ വെടിവയ്പ്പിലും യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ചയിൽ പുരോഗതിയില്ലാത്തതിനെയും തുടർന്ന് ഇന്നലെ ക്രൂഡ് ഓയിൽ വില രണ്ടു ശതമാനത്തിലധികം വർധിച്ചു.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 3.18 ശതമാനം ഉയർന്ന് ബാരലിന്101.6 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചറുകൾ 2.91 ശതമാനം വർധിച്ച് 92.33 ഡോളറിലെത്തി.